Friday, December 30, 2011

മുത്തോളം മുത്തമേ,

മുത്തോളം മുത്തമേ,
കണ്ണോളം കൺമണിയേ,
അല്ലിയായാമ്പലായ്,
നീ പൂത്തുലയുന്നു..

പാൽഞ്ഞരമ്പിൽ തേൻ ചൊരിഞ്ഞ്‌,
മധുരമായെന്നുടൽ കടഞ്ഞ്‌,
അമൃതവാഹിനിയായി...ഞാൻ...
അമൃതവാഹിനിയായി...( മുത്തോളം..)

താരു പോലെൻ മാറിൽ ചായ്ഞ്ഞ്‌,
കൈയ്യിൽ നിന്നെ ചേർത്തണച്ച്‌,
ജന്യദേവതയായി ഞാൻ,
ജന്യദേവതയായി...( മുത്തോളം..)

കൺച്ചിരാതിൽ തിരി തെളിച്ച്‌,
നിന്നിൽ നാളമായൊരുജ്വാലയായ്‌, 
നേരിൻപൊൻതരിയായി...ഞാൻ
നേരിൻപൊൻതരിയായി..( മുത്തോളം..)

അഴലിനിലയായി വീണലഞ്ഞ്‌,
നിന്നിലൂടെൻ നോവലിഞ്ഞ്‌,
മോക്ഷപൗര്‍ണ്ണമിയായി ഞാൻ,
മോക്ഷപൗര്‍ണ്ണമിയായി...( മുത്തോളം..)

ദേവപഥത്തിലെ നക്ഷത്രമേ നീ..

ദേവപഥത്തിലെ നക്ഷത്രമേ നീ,
എന്നിടംനെഞ്ചിൽ മിന്നി നിന്നോ..
ഒരു വെള്ളാരംപുള്ളിയായ് ചിമ്മി നിന്നോ

ഏഴേഴുജന്മം പാറി നടന്നു നീ,
പൂമ്പൊടിയായെന്നിൽ വന്നണഞ്ഞു..
നിർവൃതി നേടിയൊ-
രാനന്ദരൂപമായ്‌,
നീയെന്നിൽ വിളങ്ങി നിന്നു...
നീയെന്നിൽ വിളങ്ങി നിന്നു...

ദേവപഥത്തിലെ നക്ഷത്രമേ നീ,
എന്നിടംനെഞ്ചിൽ മിന്നി നിന്നോ..
ഒരു വെള്ളാരംപുള്ളിയായ് ചിമ്മി നിന്നോ..

എൻമടിമേലെ കണ്ണിമപൂട്ടി നീ,
ഗൂഢമായ്‌ ലോലമായ് പുഞ്ചിരിച്ചു..
ഉൾമദം പൂണ്ടൊ-
രാമോദബിന്ദുവായ്,
ഞാനെന്നെ മറന്നു പോയി..
ഞാനെന്നെ മറന്നു പോയി...

ദേവപഥത്തിലെ നക്ഷത്രമേ നീ,
എന്നിടംനെഞ്ചിൽ മിന്നി നിന്നോ..
ഒരു വെള്ളാരംപുള്ളിയായ് ചിമ്മി നിന്നോ

ഉണ്ണീ മയങ്ങിയോ?

ഉണ്ണീ മയങ്ങിയോ?
പൂങ്കണ്ണ്‌ പൂട്ടിയോ?
അമ്മ നിനക്കൊരു പാട്ട് പാടാം..
ഒരുണ്ണികിടാവിന്റെ പാട്ട് പാടാം....

വെള്ളാരംകണ്ണേ..
വെള്ളാമ്പലേ..
നീ ഇത്തിരിക്കണ്ണിൽ വിരിഞ്ഞുനിന്നോ?
ഈ വാലിട്ടകണ്ണിൽ വിടർന്നുനിന്നോ?

താമരത്തേനേ..
തളിർവാകമേ..
നീ താരിളംചുണ്ടിൽ തുളുമ്പിനിന്നോ?
എൻ ഉണ്ണി ചിരിക്കുമ്പോൾ തുള്ളി നിന്നോ?

ഉണ്ണീ മയങ്ങിയോ?
പൂങ്കണ്ണ്‌ പൂട്ടിയോ?
അമ്മ നിനക്കൊരു പാട്ട് പാടാം..

ചിന്ദൂരത്തരിയേ,
ചെത്തിപ്പൂവേ,
നീ ചന്ദനച്ചൊടിമേലെ ചായം തേയ്ച്ചോ..?
ഈ ചന്തത്തിൻക്കവിളത്ത് ചോന്നു നിന്നോ?

ആറ്റക്കറുപ്പേ,
അമ്മക്കുടമേ,
നിൻ അഴകേറുമാസ്യത്തിൽ പൂങ്കുഴിയോ?
നിനക്കച്ഛൻ കടംതന്ന പൂക്കണിയോ?

ഉണ്ണീ മയങ്ങിയോ?
പൂങ്കണ്ണ്‌ പൂട്ടിയോ?
അമ്മ നിനക്കൊരു പാട്ട് പാടാം..
ഒരുണ്ണികിടാവിന്റെ പാട്ട് പാടാം....
ഒരുണ്ണികിടാവിന്റെ പാട്ട് പാടാം....
ഒരുണ്ണികിടാവിന്റെ പാട്ട് പാടാം...