Friday, December 30, 2011

ഉണ്ണീ മയങ്ങിയോ?

ഉണ്ണീ മയങ്ങിയോ?
പൂങ്കണ്ണ്‌ പൂട്ടിയോ?
അമ്മ നിനക്കൊരു പാട്ട് പാടാം..
ഒരുണ്ണികിടാവിന്റെ പാട്ട് പാടാം....

വെള്ളാരംകണ്ണേ..
വെള്ളാമ്പലേ..
നീ ഇത്തിരിക്കണ്ണിൽ വിരിഞ്ഞുനിന്നോ?
ഈ വാലിട്ടകണ്ണിൽ വിടർന്നുനിന്നോ?

താമരത്തേനേ..
തളിർവാകമേ..
നീ താരിളംചുണ്ടിൽ തുളുമ്പിനിന്നോ?
എൻ ഉണ്ണി ചിരിക്കുമ്പോൾ തുള്ളി നിന്നോ?

ഉണ്ണീ മയങ്ങിയോ?
പൂങ്കണ്ണ്‌ പൂട്ടിയോ?
അമ്മ നിനക്കൊരു പാട്ട് പാടാം..

ചിന്ദൂരത്തരിയേ,
ചെത്തിപ്പൂവേ,
നീ ചന്ദനച്ചൊടിമേലെ ചായം തേയ്ച്ചോ..?
ഈ ചന്തത്തിൻക്കവിളത്ത് ചോന്നു നിന്നോ?

ആറ്റക്കറുപ്പേ,
അമ്മക്കുടമേ,
നിൻ അഴകേറുമാസ്യത്തിൽ പൂങ്കുഴിയോ?
നിനക്കച്ഛൻ കടംതന്ന പൂക്കണിയോ?

ഉണ്ണീ മയങ്ങിയോ?
പൂങ്കണ്ണ്‌ പൂട്ടിയോ?
അമ്മ നിനക്കൊരു പാട്ട് പാടാം..
ഒരുണ്ണികിടാവിന്റെ പാട്ട് പാടാം....
ഒരുണ്ണികിടാവിന്റെ പാട്ട് പാടാം....
ഒരുണ്ണികിടാവിന്റെ പാട്ട് പാടാം...

1 comment:

  1. താരാട്ടിനൊരു സൌന്ദര്യമുണ്ടെങ്കിൽ ആ സൌന്ദര്യത്തിന്റെ നൂറുശതമാനവും ഈ വരികൾക്കുമുണ്ട്.......ആശംസകൾ

    ReplyDelete