Friday, December 30, 2011

മുത്തോളം മുത്തമേ,

മുത്തോളം മുത്തമേ,
കണ്ണോളം കൺമണിയേ,
അല്ലിയായാമ്പലായ്,
നീ പൂത്തുലയുന്നു..

പാൽഞ്ഞരമ്പിൽ തേൻ ചൊരിഞ്ഞ്‌,
മധുരമായെന്നുടൽ കടഞ്ഞ്‌,
അമൃതവാഹിനിയായി...ഞാൻ...
അമൃതവാഹിനിയായി...( മുത്തോളം..)

താരു പോലെൻ മാറിൽ ചായ്ഞ്ഞ്‌,
കൈയ്യിൽ നിന്നെ ചേർത്തണച്ച്‌,
ജന്യദേവതയായി ഞാൻ,
ജന്യദേവതയായി...( മുത്തോളം..)

കൺച്ചിരാതിൽ തിരി തെളിച്ച്‌,
നിന്നിൽ നാളമായൊരുജ്വാലയായ്‌, 
നേരിൻപൊൻതരിയായി...ഞാൻ
നേരിൻപൊൻതരിയായി..( മുത്തോളം..)

അഴലിനിലയായി വീണലഞ്ഞ്‌,
നിന്നിലൂടെൻ നോവലിഞ്ഞ്‌,
മോക്ഷപൗര്‍ണ്ണമിയായി ഞാൻ,
മോക്ഷപൗര്‍ണ്ണമിയായി...( മുത്തോളം..)

ദേവപഥത്തിലെ നക്ഷത്രമേ നീ..

ദേവപഥത്തിലെ നക്ഷത്രമേ നീ,
എന്നിടംനെഞ്ചിൽ മിന്നി നിന്നോ..
ഒരു വെള്ളാരംപുള്ളിയായ് ചിമ്മി നിന്നോ

ഏഴേഴുജന്മം പാറി നടന്നു നീ,
പൂമ്പൊടിയായെന്നിൽ വന്നണഞ്ഞു..
നിർവൃതി നേടിയൊ-
രാനന്ദരൂപമായ്‌,
നീയെന്നിൽ വിളങ്ങി നിന്നു...
നീയെന്നിൽ വിളങ്ങി നിന്നു...

ദേവപഥത്തിലെ നക്ഷത്രമേ നീ,
എന്നിടംനെഞ്ചിൽ മിന്നി നിന്നോ..
ഒരു വെള്ളാരംപുള്ളിയായ് ചിമ്മി നിന്നോ..

എൻമടിമേലെ കണ്ണിമപൂട്ടി നീ,
ഗൂഢമായ്‌ ലോലമായ് പുഞ്ചിരിച്ചു..
ഉൾമദം പൂണ്ടൊ-
രാമോദബിന്ദുവായ്,
ഞാനെന്നെ മറന്നു പോയി..
ഞാനെന്നെ മറന്നു പോയി...

ദേവപഥത്തിലെ നക്ഷത്രമേ നീ,
എന്നിടംനെഞ്ചിൽ മിന്നി നിന്നോ..
ഒരു വെള്ളാരംപുള്ളിയായ് ചിമ്മി നിന്നോ

ഉണ്ണീ മയങ്ങിയോ?

ഉണ്ണീ മയങ്ങിയോ?
പൂങ്കണ്ണ്‌ പൂട്ടിയോ?
അമ്മ നിനക്കൊരു പാട്ട് പാടാം..
ഒരുണ്ണികിടാവിന്റെ പാട്ട് പാടാം....

വെള്ളാരംകണ്ണേ..
വെള്ളാമ്പലേ..
നീ ഇത്തിരിക്കണ്ണിൽ വിരിഞ്ഞുനിന്നോ?
ഈ വാലിട്ടകണ്ണിൽ വിടർന്നുനിന്നോ?

താമരത്തേനേ..
തളിർവാകമേ..
നീ താരിളംചുണ്ടിൽ തുളുമ്പിനിന്നോ?
എൻ ഉണ്ണി ചിരിക്കുമ്പോൾ തുള്ളി നിന്നോ?

ഉണ്ണീ മയങ്ങിയോ?
പൂങ്കണ്ണ്‌ പൂട്ടിയോ?
അമ്മ നിനക്കൊരു പാട്ട് പാടാം..

ചിന്ദൂരത്തരിയേ,
ചെത്തിപ്പൂവേ,
നീ ചന്ദനച്ചൊടിമേലെ ചായം തേയ്ച്ചോ..?
ഈ ചന്തത്തിൻക്കവിളത്ത് ചോന്നു നിന്നോ?

ആറ്റക്കറുപ്പേ,
അമ്മക്കുടമേ,
നിൻ അഴകേറുമാസ്യത്തിൽ പൂങ്കുഴിയോ?
നിനക്കച്ഛൻ കടംതന്ന പൂക്കണിയോ?

ഉണ്ണീ മയങ്ങിയോ?
പൂങ്കണ്ണ്‌ പൂട്ടിയോ?
അമ്മ നിനക്കൊരു പാട്ട് പാടാം..
ഒരുണ്ണികിടാവിന്റെ പാട്ട് പാടാം....
ഒരുണ്ണികിടാവിന്റെ പാട്ട് പാടാം....
ഒരുണ്ണികിടാവിന്റെ പാട്ട് പാടാം...

Saturday, July 16, 2011

മണ്ണാങ്കട്ടയും കരിയിലയും

മണ്ണാങ്കട്ടയും കരിയിലയും,
നോമ്പുനോറ്റൊരുനാള്‍ കാശിക്കു പോയി...
കാടായ കാടെല്ലാം ചുറ്റിച്ചുറ്റി,
കുന്നായ കുന്നെല്ലാം കേറിക്കേറി...
രണ്ടാളുമൊന്നിച്ചു കാശിക്കു പോയി.

കാര്യം പറഞ്ഞവര്‍ പോയനേരം,
എതിരേവരുന്നൊരു കള്ളിക്കാറ്റ്..
കരള്‌പ്പിടഞ്ഞിട്ട് കരിയിലയന്നേരം,
വാകീറി വാകീറിയേങ്ങിക്കരഞ്ഞു..


“മണ്ണാങ്കട്ടേ, പുന്നാരക്കട്ടേ..
 ഞാനിപ്പൊ കാറ്റിൽ പറന്നുപോകും,
 ആശിച്ചുപോയൊന്നു കാശികാണാൻ,
 കഴിയാതെപോകുമോ നിന്റെയൊപ്പം?“

അന്നേരം മൺക്കട്ടയോടിവന്ന്‌,
കരയും കരീലേടെ തോളിലേറി,
ചുറ്റുന്ന കാറ്റില്പ്പെടാതെ കരീലയെ,
നല്ലവൻ ചങ്ങായി കാത്തുവെച്ചു..

പിന്നെയും ദൂരോട്ട് പോയനേരം,
ദേയ് വരുന്നൊരു കള്ളിമഴ..
“അയ്യോ, ഞാനിപ്പോളലിഞ്ഞു പോവും”
ഒച്ചത്തില്‍ മണ്‍ക്കട്ട നിലവിളിച്ചു..

അപ്പോ കരിയില ദേഹം നനച്ചോണ്ട്
മണ്ണാങ്കട്ടയ്ക്കു പുറത്ത് നിന്നു..
കാറുംകോളും പോയിക്കഴിഞ്ഞപ്പോ,
ഗമയില്‍  ചിരിക്കുന്നു രണ്ടുപേരും...!!

ഉണ്ണിയ്ക്കു കാണുവാനേറേയുണ്ട്..

പൂവുണ്ട്, പുഴയുണ്ട്,
പൂനിലാമഴയുണ്ട്,
ഉണ്ണിയ്ക്കു കാണുവാനേറെയുണ്ട്..
വെയിലുണ്ട്, വീടുണ്ട്,
വേലിപ്പടർപ്പുണ്ട്,
വേലിയിൽ പൂക്കുന്ന മുല്ലയുണ്ട്,
കാടുണ്ട്, കാറ്റുണ്ട്,
കാറ്റിൽ പൂമണമുണ്ട്,
മണമേറ്റുനില്ക്കുവാൻ മുറ്റമുണ്ട്...
മുറ്റത്ത് മാവുണ്ട്,
മാവിൽ കനിയുണ്ട്,
കനവായ് കിനിയുന്ന മധുരമുണ്ട്..
മണ്ണുണ്ട്,വിണ്ണുണ്ട്,
വിണ്ണിൽ വാരൊളിയുണ്ട്,
വാലനായിമാറുവാനൂയലുണ്ട്..
തൈയുണ്ട്, തളിരുണ്ട്,
തളിരിൽ പൂങ്കതിരുണ്ട്,
തത്തിപ്പറക്കുന്ന തുമ്പിയുണ്ട്..
തോടുണ്ട്, തൊടിയുണ്ട്,
തൊടിയിൽ തൊഴുത്തുണ്ട്
തുള്ളിക്കളിക്കുമീ പൈക്കളുണ്ട്..
കാവുണ്ട്, കുളമുണ്ട-
രികിൽ കടമ്പുണ്ട്,
കൊമ്പിന്മേൽ കേറുവാനുണ്ണിയുണ്ട്..
കുളിരുണ്ട്, കൂടുണ്ട്,
കൂട്ടിൽ കിളിയുണ്ട്,
കിളികളെ കാട്ടുവാനച്ഛനുണ്ട്...
കളിയുണ്ട്, പാട്ടുണ്ട്,
പാട്ടിൽ കഥയുണ്ട്,
ചേലുള്ള കഥ ചൊല്ലാനമ്മയുണ്ട്..
എന്റെയുണ്ണിയ്ക്കു കാണുവാനേറെയുണ്ട്....
ഇനിയുമുണ്ണിയ്ക്കു കാണുവാനേറെയുണ്ട്....


 

പച്ച പെണ്ണേ, തത്തമ്മേ,
മാനം ചുറ്റി പറന്നു വരാൻ,
ചിറക് തരാമോ കടമായ്...??!!..

വാവ് ചാഞ്ചുണ്ണീ, വാവ് ചാഞ്ച്....



വാവ് ചാഞ്ചുണ്ണീ, വാവ് ചാഞ്ച്....
താരാട്ട് കേട്ടുണ്ണീ വാവ് ചാഞ്ച്..
നെഞ്ചോടുച്ചേർന്നുണ്ണീ വാവ് ചാഞ്ച്...
താലോലമെന്നുണ്ണീ വാവ് ചാഞ്ച്...

...പൊന്മണിത്തെന്നലേ ഈ വഴി വാ..
താളത്തിലുണ്ണിയെ വാവുറക്ക്...
നെറ്റിയിൽ പൂവുള്ള പൂങ്കിളിയേ...
ഈണത്തിലുണ്ണിയെ വാവുറക്ക്...

പൂവാലിപെണ്ണേ പാല്‌ തായോ,
എന്നുണ്ണികണ്ണന്‌ മാമുണ്ണാനായ്..
ആ മരം ഈ മരം പൂവ് തായോ,
പൂമണത്തുണ്ണി നീ ചാഞ്ഞുറങ്ങ്...

ആഞ്ഞിലിമേലുണ്ണി ഊയലാട്..
ആ കൊമ്പിൽ ഈ കൊമ്പിൽ ഊയലാട്...
ചന്ദനതൊട്ടിലിൽ ഊയലാട്...
ചന്തത്തിലെന്നുണ്ണി ഊയലാട്..

മാനത്തു താരകൾ വന്നണഞ്ഞോ,
ഉണ്ണിയെ കണ്ട് കൺചിമ്മിയോ..
പൂനിലാവുണ്ണി നീ പൂത്തു കണ്ടോ,
ഉണ്ണിയെ കണ്ട് നാണിച്ചുവോ...

വാവ് ചാഞ്ചുണ്ണീ, വാവ് ചാഞ്ച്....
താരാട്ട് കേട്ടുണ്ണീ വാവ് ചാഞ്ച്..
നെഞ്ചോടുച്ചേർന്നുണ്ണീ വാവ് ചാഞ്ച്...
താലോലമെന്നുണ്ണീ വാവ് ചാഞ്ച്...