Saturday, July 16, 2011

ഉണ്ണിയ്ക്കു കാണുവാനേറേയുണ്ട്..

പൂവുണ്ട്, പുഴയുണ്ട്,
പൂനിലാമഴയുണ്ട്,
ഉണ്ണിയ്ക്കു കാണുവാനേറെയുണ്ട്..
വെയിലുണ്ട്, വീടുണ്ട്,
വേലിപ്പടർപ്പുണ്ട്,
വേലിയിൽ പൂക്കുന്ന മുല്ലയുണ്ട്,
കാടുണ്ട്, കാറ്റുണ്ട്,
കാറ്റിൽ പൂമണമുണ്ട്,
മണമേറ്റുനില്ക്കുവാൻ മുറ്റമുണ്ട്...
മുറ്റത്ത് മാവുണ്ട്,
മാവിൽ കനിയുണ്ട്,
കനവായ് കിനിയുന്ന മധുരമുണ്ട്..
മണ്ണുണ്ട്,വിണ്ണുണ്ട്,
വിണ്ണിൽ വാരൊളിയുണ്ട്,
വാലനായിമാറുവാനൂയലുണ്ട്..
തൈയുണ്ട്, തളിരുണ്ട്,
തളിരിൽ പൂങ്കതിരുണ്ട്,
തത്തിപ്പറക്കുന്ന തുമ്പിയുണ്ട്..
തോടുണ്ട്, തൊടിയുണ്ട്,
തൊടിയിൽ തൊഴുത്തുണ്ട്
തുള്ളിക്കളിക്കുമീ പൈക്കളുണ്ട്..
കാവുണ്ട്, കുളമുണ്ട-
രികിൽ കടമ്പുണ്ട്,
കൊമ്പിന്മേൽ കേറുവാനുണ്ണിയുണ്ട്..
കുളിരുണ്ട്, കൂടുണ്ട്,
കൂട്ടിൽ കിളിയുണ്ട്,
കിളികളെ കാട്ടുവാനച്ഛനുണ്ട്...
കളിയുണ്ട്, പാട്ടുണ്ട്,
പാട്ടിൽ കഥയുണ്ട്,
ചേലുള്ള കഥ ചൊല്ലാനമ്മയുണ്ട്..
എന്റെയുണ്ണിയ്ക്കു കാണുവാനേറെയുണ്ട്....
ഇനിയുമുണ്ണിയ്ക്കു കാണുവാനേറെയുണ്ട്....


 

1 comment:

  1. This was one of the best lullabies i have ever heard in my life.. And hearing you sing it, added to its magic..

    ReplyDelete